ചാർധാം....ഒരു സ്വപ്നയാത്ര..
ശംഭോ മഹാദേവാ...
എൻ്റെ മകൾ രേഷ്മയുടെ സ്നേഹമസൃണമായ നിർബന്ധങ്ങളും പ്രേരണകളും നിമിത്തമാണ് ഞാൻ ഒരു "ബ്ലോഗ്ഗർ" ആയത്. ഇപ്രാവശ്യം എന്നെ നിർബന്ധിക്കാൻ ആരുമുണ്ടായില്ല. പക്ഷെ, നമ്മുടെ അനുഭവങ്ങൾക്ക് ഒരു documentation ഉണ്ടായില്ലെങ്കിൽ അവ കൃത്യമായി ഓർത്തെടുക്കാൻ പിന്നെ ബുദ്ധിമുട്ടുമെന്നു ഞാൻ അനുഭവം കൊണ്ട് പഠിച്ചു. അതിനാൽ വീണ്ടും നിങ്ങളൊക്കെ അനുഭവിക്കുക.
ഹിമാലയ യാത്ര
ആദ്യമേ പറയട്ടെ.ഹിമാലയത്തിനെകുറിച്ചോ ആ യാത്രയെ കുറിച്ചോ വർണിക്കാൻ ഞാൻ ആളല്ല.എത്രയോ "കൂടിയവർ" എഴുതിയ എത്രയോ പുസ്തകങ്ങൾ നാം വായിച്ചിരുന്നു. എന്നിട്ടാണോ ഈ ദുർബലൻ. ഞാൻ അതിനൊന്നും മിനക്കെടുന്നേ ഇല്ല. ഓരോ സ്ഥലത്തെയും പ്രത്യേകതകളും ചരിത്രവും പലവുരു നാം വായിച്ചിട്ടതുമാണ്.ഇനിയും അതാവർത്തിച്ചാൽ ചർവിതചർവണമായിത്തീരും. പോയ സ്ഥലങ്ങളുടെ ഫോട്ടോകളും ലഘുവിവരണവും മാത്രമേ എന്നിൽ നിന്ന് പ്രതീക്ഷിക്കാവൂ. ഭാവിയിൽ പോയ സ്ഥലങ്ങളുടെയും യാത്രകളുടെയും ഓർമ്മകൾ അയവിറക്കാനോ, പുതിയവ പ്ലാൻ ചെയ്യാനോ ഈ ഉദ്യമം സാദ്ധ്യമാക്കിയെങ്കിൽ ഈയുള്ളവൻ കൃതാർത്ഥനായി.
യാത്ര തുടങ്ങട്ടെ
ഓരോ യാത്രയും ഓരോ സ്വപ്നസാഫല്യങ്ങൾ ആണ്. ഹിമാലയ യാത്രയാകട്ടെ ആയുസ്സിൽ തന്നെ കിട്ടുന്ന ഒരു സൗഭാഗ്യവും. എന്തും ഉണ്ടായിട്ടു കാര്യമില്ല, ഇത് അനുഭവിക്കാൻ ഭഗവാന്റെ അനുഗ്രഹങ്ങൾ തന്നെ വേണം. മൂന്നാമത് തവണ യാത്രക്ക് പുറപ്പെടുമ്പോൾ ഭഗവാൻ നൂറു ശതമാനം സംപ്രീതനായി അനുഗ്രഹം ചൊരിയുന്ന ഒരു തോന്നൽ ആദ്യം മുതലേ ഉണ്ടായിരുന്നു.എറണാകുളത്തുള്ള കൈലാസദർശൻ, വേണുജി എന്ന് ഞങ്ങൾ സ്നേഹപൂർവ്വം വിളിക്കുന്ന ഞങ്ങളുടെ സുഹൃത്ത് വേണുഗോപാലനാണ് ഞങ്ങളുടെ അമരക്കാരൻ. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ശിവപ്രസാദ് സഹായിയും. ഡൽഹിയിൽ നിന്ന് പാചകക്കാര് വരും. അങ്ങനെയൊക്കെയാണ് പതിവ്. സ്വതേ ഞങ്ങളുടെ സ്വന്തം നിലയവിദ്വാന്മാർ മാത്രമേ ഉണ്ടാവൂ. ഇപ്രാവശ്യം ശ്ശി ആൾക്കാർ ഉണ്ടെന്നു കേട്ടു .
നെടുമ്പാശ്ശേരി മാഹാത്മ്യം
2016 സെപ്റ്റംബർ 29 . പതിനൊന്നു പേരടങ്ങിയ ഞങ്ങളുടെ കൊച്ചു ടീം പലവഴികളിൽനിന്നായി നെടുമ്പാശ്ശേരിയിൽ മുൻപേ എത്തി, ബോര്ഡിങ് പാസ് നേടി.പന മന മീരാജി(ലീഡർ),കുഞ്ചുഏട്ടൻ എന്ന സുബ്രഹ്മണ്യൻ ,പദ്മജ,ഞാൻ ആറ്റുപുറത്, സരള,ഇച്ചമ്മ (ചിറ്റൂർ ഗീത),മറേഞ്ചേരി നാരായണൻ,ഉഷ,ഗൗരി താന്നി ,ഗൗരി ഏലംകുളം,സുരേന്ദ്രൻ പൂവത്തിങ്കൽ..ആകെ പതിനൊന്നു പേര് മാത്രം. താമസിയാതെ "കാട്ടിൽ " ഇല്ലത്തു നിന്നുള്ള പത്തിരുപതു പേരും എത്തി.ആകെ ബഹളം. ചുരുക്കത്തിൽ ഏതോ ഇല്ലത്തെ ആയിനിഊണിനു പോയ അനുഭവം ആയി. ഫ്ലൈറ്റിൽ ഞങ്ങളുടെ "ഇച്ചമ്മേ" "അമ്മാമീ" വിളികളിൽ എയർഹോസ്റ്റസ്സിന്റെ ശബ്ദം മുങ്ങി പോയി. അതുകൊണ്ടാവാം അവർ ശബ്ദം ഇല്ലാതെ കയ്യും കാലും ഉപയോഗിച്ച് ഏകാഭിനയം തുടങ്ങി.
മണ്ടന്മാർ ഡൽഹിയിൽ
ഡൽഹിയിൽ ഇറങ്ങിയപ്പോൾ ഒരു കാപ്പി കുടിക്കണമെന്ന് തോന്നി. ഞങ്ങൾ മൂവർ കാപ്പി ഓർഡർ ചെയ്തു. small വേണോ മീഡിയം വേണോ ചോദിച്ചപ്പോൾ small ചെറുതല്ലേ മീഡിയം ആയികോട്ടെ എന്ന് പറഞ്ഞു. കിട്ടിയത് ഒരു എമണ്ടൻ കപ്പ്. പശുവിനു കഞ്ഞി കൊടുക്കുന്നതാണ് എനിക്ക് ഓര്മ വന്നത്.ബില്ല് മൂന്നാൾക്കു 495 രൂപ.കാശ് കൊടുത്തു, പേഴ്സ് നോക്കി എടിഎം കാർഡ് അവിടെത്തന്നെ ഇല്ലേ,ഇക്കണക്കിനു താമസിയാതെ ആവശ്യം വരും.കാപ്പി കുടിച്ചു തീർക്കാൻ ഞാനും കുഞ്ചുവേട്ടനും ബുദ്ധിമുട്ടി. പിന്നെ ഒരാഴ്ച കാപ്പി കുടിക്കേണ്ടി വന്നിട്ടില്ല.
രണ്ടു കാപ്പിയുടെ കാശേ ഓട്ടോവിന് വന്നുള്ളൂ.പ്രീപെയ്ഡ് ഓട്ടോ 320 രൂപ വീതം മൂന്നെണ്ണം. റയിൽവേ സ്റ്റേഷനിലേക്ക്. ജനശതാബ്ദി മൂന്നരക്ക്. മൂന്നു മണിക്ക് പ്ലാറ്റഫോമിൽ എത്തിയപ്പോൾ തളിയിൽ സെറ്റും നാലാം മുന്നണിക്കാരും കൂടി പത്തു അമ്പതു പേര് വേറെയും. കല്യാണമണ്ഡപത്തിൽ വേളിക്കാർ കൂടി വന്ന പോലെ ആയി. ആകെ ബഹു ബഹളം. ഇത് ഇനിയങ്ങോട്ടുള്ള യാത്രയുടെ ഒരു ഡ്രസ്സ് റിഹേഴ്സൽ മാത്രം ആണെന്ന് താമസിയാതെ ബോധ്യമായി.
രാത്രി ഹരിദ്വാറിൽ അയ്യപ്പന്റെ അമ്പലത്തിൽ ഭക്ഷണവും വിശ്രമവും. സ്വാമിയെ ശരണമയ്യപ്പാ...
ഹരിദ്വാർ
ഹിമാലയത്തിലേക്കുള്ള പ്രവേശനകവാട മത്രെ ഹരിദ്വാർ.ആരായാലും അവിടെ അയ്യപ്പൻറെ അമ്പലത്തിൽ താമസിച്ചാണ് യാത്ര തുടങ്ങുക.വാഹന സൗകര്യമോ മറ്റോ വേണമെങ്കിൽ നമ്പൂതിരി ഏർപ്പാട് ചെയ്തു തരും.
ഹരിദ്വാറിൽ കറങ്ങാൻ ഇപ്പോൾ നേരമില്ല. രാവിലെ നേർ ത്തെ ഞങ്ങൾ പുറപ്പെടുകയായി.ഞങ്ങളുടെ ഗ്രൂപ്പിന് ഒരു ടെമ്പോ ട്രാവലർ, മറ്റു മൂന്നു ഗ്രൂപ്പിനും ഓരോ വലിയ ബസ്സുകളും.അങ്ങിനെ നാല് വാഹങ്ങളിലായി ഞങ്ങൾ പോവുകയാണ്.അതെ......ഹിമാലയത്തിലേക്ക്.........
ഹിമാലയത്തിലേക്ക്
ബാർകോട്ട് എന്ന സ്ഥലം ലക്ഷ്യം വെച്ചാണ് ഞങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്.മസ്സൂരി,ടെഹ്റാഡൂൺ,നയൻബാഗ്,ധാംതെ,ബെര്ണിഗഡ്,സരിഗ വഴി ഞങ്ങൾ ബാർകോട്ട് എത്തി.വഴിക്കു കെംപ്റ്റി വെള്ളച്ചാട്ടം ആയിരുന്നു ഒരു ആകർഷണ കേന്ദ്രം.
ചാർധാം
അതെ, ചാർധാം യാത്ര തുടങ്ങുകയായി. ഗംഗാദേവി ശിവജ്ടയിൽനിന്നു ഭൂമിയിലേക്ക് പതിക്കുമ്പോൾ നാല് കൈവഴികളായി പിരിഞ്ഞു.ഈ നാല് കൈവഴികൾ അളകാനന്ദയായി ബദരിയിലും,മന്ദാകിനിയായി കേദാറിലും ഭഗീരഥിയായി ഗംഗോത്രിയിലും യമുനയായി യമുനോത്രിയിലും ഒഴുകുന്നു.ചതുർധാമങ്ങൾ എന്നറിയപ്പെടുന്ന ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് പുണ്യമാണ്. അതിൽ ആദ്യത്തേതാണ് യമുനോത്രി.
ഓരോ ധാമവും കൈവിരലുകൾ പോലെയാണ്. ഓരോന്നും കയറി അതെ വഴിയിൽ ഇറങ്ങണം. അടുത്തതും അങ്ങിനെതന്നെ.
യമുനോത്രി യാത്ര
അതി രാവിലെ ഞങ്ങൾ യമുനോത്രിയിലേക്കു പുറപ്പെട്ടു. റോഡ് ദുർഘടമായിരുന്നു . അഥവാ ഹിമാലയത്തിൽ എവിടെയാണ്, അതല്ലാത്തത്? ഇവിടെ പൊതു വാഹനങ്ങൾ ഇല്ലെന്നു തോന്നുന്നു.പെൺകുട്ടികൾ അടക്കമുള്ള സ്കൂൾ കുട്ടികൾ വാഹനത്തിനു കൈ കാണിക്കുന്നത് ഒരു പതിവ് കാഴ്ചയാണ്. തദ്ദേശവാസികൾ കോണിയിൽ പൊത്തിപ്പിടിച്ചു കയറി യാത്ര ചെയ്യും.
ഹനുമാൻ ഛട്ടി (ഗ്രാമം)വഴി ഞങ്ങൾ ജാനകിഭായ് ഛട്ടിയിൽ എത്തി.അതുവരെ മാത്രമേ വാഹനം പോകൂ.ഇവിടെ എത്തിയതും കുതിരക്കാരും ഡോളിക്കാരും വന്നു ഞങ്ങളെ പൊതിഞ്ഞു,ആകെ ബഹളമയം.
ഒരു വിധം വിലപേശി ഞങ്ങൾ ആവശ്യത്തിന് കുതിരകളും ഡോളിയും സംഘടിപ്പിച്ചു. മമ കളത്രേഷു കാലേഷു മുറിവ് ഉള്ളതിനാൽ കുതിര വേണ്ടി വന്നു.നല്ല പേടിയുണ്ട്, ഹിന്ദി അറിയില്ല എന്നൊക്കെ പറഞ്ഞു കലശലു കൂട്ടി , ടിയാൾ . അത്യാവശ്യം വന്നാൽ ഡർനാ , ഉത്തർനാ , ഇത്രയും പറഞ്ഞാൽ മതി എന്ന് പറഞ്ഞപ്പോൾ മൂപ്പത്തിയാർക്കു സമാധാനമായി. പണ്ട് മാമുക്കോയ ലാലിനെയും ശ്രീനിവാസനെയും അറബി പഠിപ്പിച്ചത് ഞാൻ വെറുതെ ഓർത്തു. പിന്നെ ടിയാൾ ജൻസിറാണിയെ പോലെ കുതിരപ്പുറത്തു പോകുന്നതാണ് ഞാൻ കണ്ടത്.
പക്ഷെ ശരിയായ ജാൻസിറാണി വരുന്നതേ ഉണ്ടായിരുന്നുള്ളൂ..
ഞങ്ങൾ കുറെ പേര് നടന്നു കയറി. കഷ്ടി ഏഴു കിലോമീറ്റർ കാണും. യാത്ര നല്ല ബുദ്ധിമുട്ടു പിടിച്ചതാണ്. ഇനി ചിത്രങ്ങൾ കഥ പറയും. ഓർക്കുക, ഭഗവാന്റെ മായാവിലാസങ്ങൾ ചിത്രീകരിക്കാൻ ഈയുള്ളവനോ ഈയുള്ളവന്റെ ഉപകരണങ്ങളോ പോരാ...എങ്കിലും എന്തൊക്കെയോ ഞാൻ പകർത്താൻ ശ്രമിച്ചു. കാണൂ..
യമുനോത്രി
അതാ ദൂരെ യമുനോത്രി അമ്പലവും പരിസരവും. യമുനോത്രിയുടെ നാല് വശങ്ങളിലുമുള്ള വനശ്രുംഖലയുടെ അതുല്യ സൗന്ദര്യം നയനാനന്ദകരമത്രെ. ആദ്യമായി പോയത് തപ്തകുണ്ടിൽ ആണ്. നല്ല ചൂട് വെള്ളത്തിന്.മെല്ലെ ഇറങ്ങാൻ വയ്യ, ചാടുകയേ നിവൃത്തിയുള്ളൂ.ഇവിടെ കുളിക്കുന്നവൻ ജന്മമൃത്യു ബന്ധങ്ങളിൽ നിന്ന് മോചിതനാവുന്നു.യമുനോത്രിയിൽ ദര്ശനം ചെയ്യുന്നവർക്ക് യമരാജാവിന്റെ ഭയം ഇല്ലാതാവുകയും മോക്ഷപ്രാപ്തി ഉണ്ടാവുകയും ചെയ്യുന്നു. പകുതി തിളയ്ക്കുന്ന വെള്ളത്തിലെ കുളി, നടന്ന ക്ഷീണം എല്ലാം തീർത്തു സൂര്യകുണ്ടിൻറെ ഉത്ഭവസ്ഥാനത്തുള്ള ദിവ്യശിലയിൽ പൂജ. പ ട്ടിൽ പൊതിഞ്ഞ ഒരു പിടി അരി ശാന്തിക്കാരനെ ഏല്പിച്ചു. വെള്ളത്തിലിട്ടപ്പോൾ ഒരു മിനുട്ടു കൊണ്ട് അത് ചോർ ആയി. ഇതാണ് പ്രധാന നിവേദ്യം.
പൂജ കഴിഞ്ഞു ക്ഷേത്രത്തിലെത്തി യമുനാദേവിയെ ദേവിയെ വിസ്തരിച്ചു തൊഴുതു.യമുന നദി ഇവിടെ അടുത്ത് നിന്നാണ് ഉദ്ഭവിക്കുന്നത്. പുരാണത്തിൽ കാളിന്ദി എന്നും ഈ നദിക്കു പേരുണ്ട്.
ഞങ്ങൾ അവിടെ എത്തിയപ്പോൾ പ്രത്യേക കാഴ്ച്ച കണ്ടു. യമുനാദേവിയുടെ അനിയൻ ഭഗവതിയെ വണങ്ങാൻ വരുന്നു.
തിരിച്ചിറങ്ങാൻ കുതിരക്കാരും മറ്റും തിരക്ക് കൂട്ടിയിരുന്നത്രെ. മഞ്ഞോ മഴയോ വന്നാൽ എല്ലാം തകരാറിലാകും.രണ്ടു മണിക്ക് ശേഷം എന്തിനും സാധ്യത ഉണ്ടത്രേ. നനയാത്ത പ്ലാസ്റ്റിക് ഷൂവും റെയിൻ കോട്ടും ഒക്കെ ഉണ്ടെങ്കിലും മഴ പെയ്താൽ വിധം മാറും. പക്ഷെ യമുനാദേവിയുടെ അനുഗ്രഹത്താൽ ആകാശം മങ്ങുക പോലും ചെയ്തില്ല. പ്രകൃതിയും യമുനാദേവിയും തെളിഞ്ഞ മനസ്സോടെ ഞങ്ങളെ യാത്രയാക്കി.
തിരിച്ചു ബാർക്കോട്ട് ഹോട്ടലിലേക്ക്
ഈ യാത്രയിലെ ഏറ്റവും ദുർഘടമായ കയറ്റം ഏറ്റവും സുഖകരമായി കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നി.യമുനോത്രിയിലേക്കും തിരിച്ചും വഴിയിൽ ഒരു സ്ഥലത്തു പോലും ഇരിക്കാതെ, കയറി ഇറങ്ങണമെന്നു എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അത് തികച്ചും സാധ്യമായതിൽ ഞാൻ അഭിമാനിക്കുന്നു.ആയതിനു എനിക്ക് കരുത്തും ഊർജവും ആരോഗ്യവും തന്ന തൃപ്പടികളിൽ ഞാൻ സാഷ്ടംഗം പ്രണമിക്കുന്നു.
ചലോ ഉത്തരകാശി
രാവിലെ ഉത്തരകാശിക്കുള്ള യാത്ര തുടങ്ങി.വഴിമധ്യേ മെഹർഗാവ് എന്ന ഗ്രാമത്തിൽ ഒരു ശിവഗുഹ വളരെ വിശേഷപ്പെട്ട ഒരു കാഴ്ചയാണ്.ചില്ലറ രണ്ടു മൂന്നു കടകൾ. ഓരത്തു ചെറിയൊരു ജലപാതം. കുത്തനെ 150 മീറ്റർ ഉയരത്തിൽ ഒരു അത്ഭുത ഗുഹ.കയറ്റം സാഹസം, ഗുഹയിലേക്കിറങ്ങാൻ പ്രയാസം, പക്ഷെ കാഴ്ചകൾ അതി വിസ്മയം.നാല് പേർക്ക് മാത്രമേ ഒരു സമയം ഇറങ്ങാൻ പറ്റൂ.
ഇറങ്ങുന്ന വഴി ശൂലത്തിന്റെ ആകൃതിയിൽ ഒരു വൃക്ഷം കണ്ടു. താഴെ ചേച്ചിമാരുടെ കടയിൽ നിന്നും കഴിച്ച പൊതീന നാരങ്ങ സർബത് സ്വാദിഷ്ടമായിരുന്നു.
ഉത്തരകാശി
ഉച്ചക്ക് തൊട്ടുമുമ്പേ ഞങ്ങൾ ഉത്തരകാശിയിലെത്തി.വിശാലമായ ഗ്രൗണ്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്തു അമ്പലത്തിലേക്ക് പോയി സുഖമായി തൊഴുതു. സൗമ്യകാശി എന്ന് കൂടി അറിയപ്പെടുന്ന ഇവിടെ സാക്ഷാൽ കാശി വിശ്വനാഥൻ തന്നെ പ്രധാന പ്രതിഷ്ഠ. അതിനടുത്തുള്ള ശക്തിക്ഷേത്രത്തിൽ ഒരു വലിയ ത്രിശൂലം സ്ഥാപിച്ചിട്ടുണ്ട്.8 മീറ്ററോളം ഉയരമുള്ള ഈ ത്രിശൂലം ഒരു പ്രത്യേക ലോഹക്കൂട്ടു കൊണ്ടാണ് വാർത്തെടുത്തിട്ടുള്ളത്.ഗണേശൻ എന്ന രാജാവാണ് വിശ്വനാഥക്ഷേത്രം സ്ഥാപിച്ചത്. ത്രിശൂലം സ്ഥാപിച്ചത് അദ്ദേഹത്തിന്റെ മകനും. പൂജാരി വേറെയും എന്തൊക്കെയോ പറഞ്ഞത് മുഴുവൻ എനിക്കും മനസ്സിലായീല്യ.പക്ഷെ, ചുവന്ന പാട്ടിൽ പൊതിഞ്ഞ ത്രിശൂലത്തിന്റെ അടിയിൽ തൊട്ടപ്പോൾ അത് പതുക്കെ ചലിച്ചു. അത്ഭുതം തന്നെ.
ഇവിടെ തേങ്ങ പാട്ടിൽ പൊതിഞ്ഞു സമർപ്പിച്ചത് കണ്ടു. ഒരു വഴിപാട് ആണെന്ന് തോന്നുന്നു.തേങ്ങ , പക്ഷെ വളരെ ചെറുത് ആണ്.
ഞങ്ങളുടെ മാനേജർ വേണുജി നല്ല ഈശ്വരാനുഗ്രഹം ഉള്ള ആളാണ്. ഉത്തരകാശിയിൽ ഹോട്ടലിൽ ഒരു രണ്ടരയോടെ എത്തിയപ്പോഴേക്കും മഴ പെയ്യാൻ തുടങ്ങി. ഒരു പത്തു മിനിറ്റ് മുന്പാണെങ്കിൽ പോലും ഞങ്ങൾ കഷ്ടപ്പെടുമായിരുന്നു.
ഉത്തരകാശിയിൽ ക്ഷേത്രദർശനം കഴിഞ്ഞാൽ ഏറ്റവും താല്പര്യപ്പെട്ടത് തപോവൻകുടി ആയിരുന്നു.ചാറ്റൽമഴ കാരണം നടക്കുമോ എന്ന് സംശയം ആയി. അവസാനം സന്ധ്യ കഴിഞ്ഞാണ് ഒരു ഗാപ് കിട്ടിയത്. ഇരുട്ടത്ത് ഞങ്ങൾ അന്വേഷിച്ചു പിടിച്ചു.പക്ഷെ അധികം ദൂരം ഒന്നും ഇല്ലായിരുന്നു.
സ്വാമി ചിന്മയാനന്ദജിയുടെ ഗുരുവായിരുന്ന തപോവാനാനന്ദജിയുടെ പേരിലുള്ള ആശ്രമമാണിത്.അദ്ദേഹം ഭജനത്തിരുന്ന സ്ഥലവും ഭജനഹാളും അന്തേവാസികൾക്കും സന്ദർശകർക്കും ഒക്കെ താമസിക്കാനുള്ള സ്ഥലവും എല്ലാംഉണ്ട്.ഞങ്ങൾചെന്നപ്പോൾഅവിടെദീപാരാധനടക്കുകയായിരുന്നു.ആശ്രമം മുഴുവൻ കണ്ടു.സാന്നിധ്യത്തിൽ നമസ്കരിച്ചു.ചില വിദേശികളും അവിടെ കൂട്ടിനു കൂടെ ഉണ്ടായിരുന്നു.ഇപ്പോഴത്തെ സ്വാമികളുടെ ദർശനവും ലഭ്യമായി.കുറച്ചുനേരം അദ്ദേഹവുമായി സംസാരിച്ചു. പിറ്റേ ദിവസം വൈകീട്ട് ഭക്ഷണത്തിനായി ഞങ്ങളെ അദ്ദേഹം ക്ഷണിച്ചു. ഞങ്ങൾ സ്നേഹത്തോടെ നിരസിച്ചു.ഒരു വലിയ സഞ്ചി നിറയെ മണമൂറുന്ന പഴുത്ത പേരക്ക അദ്ദേഹം ഞങ്ങൾക്ക് സമ്മാനിച്ചു . ഇരുട്ടായതിനാൽ ഫോട്ടോ ഒന്നും എടുക്കാൻ കഴിഞ്ഞില്ല. ചുറ്റുപാട് എല്ലാം കാണാൻ നല്ല ഭംഗിയാണെന്നു പറഞ്ഞുകേട്ടു ആശ്രമത്തിൽ നിന്ന് ഭഗീരഥിയിലേക്കു നേരെ ഇറങ്ങാൻ കഴിയുമത്രേ. ഇരുട്ടത്ത് ഒന്നും കാണുന്നില്ല.തികച്ചും ശാന്തസുന്ദരമായ അന്തരീക്ഷമാണ് ഇവിടെ..തപോവനസ്വാമികളുടെ തപോവനം സന്ദർശിക്കാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ ആണ്.
എല്ലാ ദിവസവും ഞങ്ങളുടെ സദ്-സംഗം ഉണ്ടാവാറുണ്ട്.പല ആസ്ഥാന ഗാനകോകിലങ്ങൾക്കു മാറ്റ് ഉരക്കാനുള്ള വേദി കൂടി ആണ് ഇത്.ഇന്ന് വേണുജിയുടെ മകളുടെ പിറന്നാൾ പ്രമാണിച്ചു പ്രതേക സെഷൻ തന്നെ ഉണ്ടായിരുന്നു.
ഗംഗോത്രിയിലേക്ക്
രാവിലെ നേർത്തെ പുറപ്പെട്ടു.ഏഴുമണിയോടെ ഗംഗാനാനിയിൽ എത്തി.സമുദ്രനിരപ്പിൽ നിന്നും 1333 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സുന്ദരമാണ്.ഗംഗോത്രിയിലേക്കു കാൽനടയായി പോയിരുന്ന നല്ല ഇടത്താവളമായിരുന്നു ഗംഗാനാനി.ഇവിടെ ചില ഉഷ്ണജലപ്രവാഹങ്ങൾ ഉണ്ട്.അതിൽ പ്രധാനപ്പെട്ട ഋഷികുണ്ടിൽ ഞങ്ങൾ സ്നാനം ചെയ്തു.സിമിന്റിട്ടു കെട്ടിയ വലിയൊരു ടാങ്കിലേക്ക് തിളച്ചു ആവിപറക്കുന്ന വെള്ളം അങ്ങിനെ ഒഴുകി എത്തുകയാണ്. ഇവിടെയുള്ള ക്ഷേത്രങ്ങളിൽ ഞങ്ങൾ പ്രാർത്ഥിച്ചു.
താഴെയുള്ള ചായക്കടയിൽ നിന്ന് ഞങ്ങൾ കൊണ്ടുവന്ന പ്രാതൽ കഴിച്ചു. പ്രകൃതിഭംഗി ആസ്വദിച്ചു .
ഗംഗോത്രി
ഗോമുഖിൽ നിന്നാണ് ഗംഗ ഉത്ഭവിക്കുന്നത്.അവിടെനിന്നു ഭഗീരഥന്റെ കൂടെ വരുന്ന ഗംഗ സമതലത്തിൽ എത്തുന്നത് ഗംഗോത്രിയിൽ വെച്ചാണ്.അതുകൊണ്ടു ഇവിടെ ഗംഗോത്രി എന്ന പേരിൽ അറിയപ്പെടുന്നു.
എത്ര പറഞ്ഞാലും മതി വരാത്തതാണ് ഗംഗയുടെ പ്രാധാന്യം.ഗംഗാജലം വളരെ പവിത്രമാണ്.എത്രകാലം സൂക്ഷിച്ചുവെച്ചാലും മലിനമാകില്ല.എന്നിരിക്കിലും കുതിച്ചൊഴുകുന്ന ഗംഗ...അതിലെ കലങ്ങി ഇളം പച്ചനിറമുള്ള വെള്ളം ഞങ്ങളെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. അതി കഠിനമായി തണുത്ത വെള്ളവും.തൊട്ടു നോക്കിയാൽ മരവിക്കും എന്ന് പറഞ്ഞു കേട്ടു . എന്തും വരട്ടെ എന്ന് കരുതി ആഴം കുറഞ്ഞ ഭാഗത്തു കമിഴ്ന്നു കിടന്നു, മൂന്നു സെക്കന്റ് കൊണ്ട് ഞങ്ങൾ കുളിച്ചു കയറി.
ഞങ്ങൾക്ക് നടക്കിലിരുന്നു ഗംഗാസ്തുതികൾ ആലപ്പിക്കാനുള്ള ഭാഗ്യവും ഉണ്ടായി. അമ്മെ..ഗാംഗാദേവീ ...രക്ഷിക്കണേ ..
തിരിച്ചു ഞങ്ങൾ ഉത്തരകാശിയിലേക്കു വന്ന വഴി നിറയെ ആപ്പിൾ തോട്ടം ആയിരുന്നു. കമ്പി വേലിക്കെട്ടുകൾ കാരണം അകത്തുകടക്കാൻ കഴിയില്ല.
പ്രകൃതി ഭംഗി ആസ്വദിച്ചു കൊണ്ടുള്ള മടക്കയാത്രയിൽ വഴിയരികെ ഉള്ള ഒരു അമ്പലവും ഷിർദി സായിബാബയുടെ ആശ്രമവും കാണുകയുണ്ടായി.
ച ലോ കേദാർനാഥ്
രാവിലെ ഉത്തരകാശിയിൽനിന്നും പുറപ്പെട്ടു. ഇന്ന് അനവധി സമയം യാത്ര ചെയ്യണം. ടെഹ്രി ഡാം വഴിയാണ് യാത്ര. ഭാഗീരഥിക്ക് കുറുകെ നിർമിച്ച ടെഹ്രി ഡാമിന് ഇരുന്നൂറ്റി അറുപതു മീറ്റർ ഉയരമുണ്ട്. ലോകത്തിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ അണക്കെട്ടാണ് ഇത്. സുരക്ഷാ കാരണങ്ങളാൽ ഫോട്ടോ എടുക്കാൻ പാടില്ല. എങ്കിലും ആകാവുന്ന സ്ഥലത്തു നിന്ന് ഫോട്ടോ എടുത്തു.
ഞങ്ങളുടെ ഭക്ഷണം ഒരു ഉത്സവം ആണ്. വരിവരിയായി നിന്ന്..ഞങ്ങളുടെ പാചകക്കാർ വിളമ്പും.
അങ്ങിനെ ഞങ്ങൾ ഗുപ്തകാശി വഴി സീതാപുർ എന്ന സ്ഥലത്തു എത്തി.സമയം രാത്രി മണിയോടെ മാത്രമേ ഏത്താൻ കഴിഞ്ഞുള്ളൂ.
hotel JPG Palace
വലിയ ഒരു മൾട്ടി സ്റ്റോറീഡ് കെട്ടിടമാണ് ഹോട്ടൽ സമുച്ചയം.ഞങ്ങൾക്ക് കിട്ടിയ മുറി വളരെ മോശം ആയിരുന്നു.
ഈ ഹോട്ടലിനു ഒരു ചരിത്രം ഉണ്ട്. ഈ ഫോട്ടോ കാണൂ.
പാളിയ ശ്രമം
രാവിലെ എട്ടു മണിയോടെ ഞങ്ങൾ ഹെലിപ്പാഡിൽ എത്തി. ഓരോരുത്തരുടെയും തൂക്കം നോക്കിയും അളവെടുത്തും രജിസ്റ്റർ ചെയ്തും ചുരുക്കത്തിൽ യാത്ര തുടങ്ങാൻ പത്തരയായി.തിരക്കില്ലാത്ത സീസൺ ആയതിനാൽ ഒരേ ഒരു ഹെലികോപ്റ്റർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങൾ തന്നെ എഴുപത്തി അഞ്ചു പേര് ഉണ്ടല്ലോ.വേറെ ആൾക്കാർ പുറമെയും. ഒരു പ്രാവശ്യം ആറു പേർക്ക് പോകാം.കാത്തിരിപ്പായിരുന്നു അസഹ്യം.
നാല് പുറത്തെ കാഴ്ചകളും കണ്ടു, തണുപ്പിനുള്ള "വേഷ"വും കെട്ടി ഇരിക്കുക തന്നെ.
ഇത് ഭഗീരഥന്റെ തപസ്സ് അല്ല. ഹെലികോപ്റ്റർ കാത്തുള്ള ഇരിപ്പാണ്. ഈ ഭഗീരഥനെ സമ്മതിക്കണം. അദ്ദേഹം ഇങ്ങിനെ എത്ര ഇരുന്നിട്ടുണ്ടാവും.!
പക്ഷെ കാലാവസ്ഥ ഞങ്ങൾക്ക് എതിരായിരുന്നു. പന്ത്രണ്ടു മണിയോടെ മഞ്ഞും മഴയും മാറിമാറി കളിക്കാൻ തുടങ്ങി. ഹെലികോപ്റ്റർ പലവട്ടം സർവിസ് നിറുത്തി വെച്ചു .എന്തിനു പറയുന്നു, ഞങ്ങളുടെ നാൽപ്പതു പേർക്ക് മാത്രമേ പോകാൻ കഴിഞ്ഞുള്ളു.അതിൽ തന്നെ മുപ്പതു പേര് അമ്പലത്തിൽ കുടുങ്ങി.അവിടെ കൊടിയ തണുപ്പാണ്.താമസിക്കാൻ ആവശ്യമായ സാധനങ്ങൾ ഒന്നും കയ്യിലില്ല, എന്ത് ചെയ്യും! അവസാനം പറഞ്ഞു നിർബന്ധിച്ചു സർവീസ് ഭാഗികമായി തുടങ്ങി. തീരെ വയ്യാത്തവരൊക്കെ രക്ഷപ്പെട്ടു.എങ്കിലും പത്തു പേർക്ക് അവിടെ തങ്ങേണ്ടി വന്നു. രാത്രി അവർ എങ്ങിനെ കഴിച്ചു കൂട്ടി ആവോ!
ഞങ്ങളുടെ ഗ്രൂപ്പിൽ ആർക്കും അന്ന് പോകാൻ കഴിഞ്ഞില്ല. അതിനാൽ വൈകുന്നേരം ഞങ്ങൾ ത്രിയൂഗി നാരായണ ക്ഷേത്രത്തിലേക്ക് പോയി. അവിടെ എത്തിയപ്പോഴേക്കും ഇരുട്ടാവാറായിരുന്നു.അതിനാൽ നേരെ തൊഴുതു എങ്കിലും ഫോട്ടോസ് ഒന്നും നേരെ എടുക്കാൻ പറ്റിയില്ല.
ത്രിയുഗി നാരായണൻ
വളരെ പ്രശസ്തമായ ഒരു അമ്പലമാണ് ത്രിയുഗി നാരായണ ക്ഷേത്രം.വളരെ ദാരിദ്ര്യം പിടിച്ച ചുറ്റുപാടുകൾ. സന്ദർശകർ വളരെ കുറവായതിനാൽ നല്ല സ്വീകരണം.ദക്ഷിണ തന്നെ പ്രധാനം.
ഇവിടെ നാരായണന്റെ നാഭീ കേന്ദ്രത്തിൽ നിന്നും ജലം നിർഗമിച്ചു ജലാശയത്തിൽ വീഴുന്നതായി കാണപ്പെടുന്നു. ഇതിനു നേരെ മുൻപിലായി ശിവ പാർവതീ പരിണയ സന്ദര്ഭത്തിലുള്ള ഹോമകുണ്ഡം ഇപ്പോഴും കെടാതെ അഗ്നി പ്രോജ്വലിതമായി കാണപ്പെടുന്നു. തീര്ഥയാത്രികർ ഈ അഗ്നിയിലേക്കു വിറകു വഴിപാടായി നൽകുന്നു, ഹോമാദി കർമങ്ങൾ ചെയ്യുന്നു. അതാണ് ഇവിടുത്തെ പ്രധാന വഴിപാട്. എല്ലാം വെടിപ്പായി ചെയ്തു.
സംഭവിക്കുന്നത് എല്ലാം നല്ലതിനുവേണ്ടി എന്ന് പറയുന്നത് എത്ര ശരി. ഇന്ന് കേദാറിലേക്കു പോയിരുന്നെങ്കിൽ ഞങ്ങൾക്ക് ഇത് നഷ്ടമാകുമായിരുന്നു. അത്, ഒരു ഭീമ നഷ്ടമാകുമായിരുന്നു.
കേദാർനാഥന്റെ ചാരെ
രാവിലെ അഞ്ചേ മുക്കാലോടെ ഞങ്ങൾ ഹെലിപ്പാഡിൽ എത്തി. ഇനി പിഴക്കാൻ പാടില്ല. പെട്ടിയെല്ലാം പാക്ക് ചെയ്തു കേറ്റി. ഇനി ഹോട്ടലിലേക്ക് ഇല്ല. ഇന്ന് രാവിലെ സിതാപുർ വിടേണ്ടതായിരുന്നു.
രെജിസ്ട്രേഷൻ വീണ്ടും വേണം. ആദ്യമൊന്നുമല്ല രജിസ്റ്റർ ചെയ്തതെങ്കിലും എന്നെയും മമ കളത്രത്തെയും ആദ്യ ബാച്ചിൽ വിളിച്ചു. പയ്യന്നൂർകാരൻ പൈലറ്റ് ഡ്രൈവറോടൊപ്പം മൂപ്പത്തിയാര് മുൻസീറ്റിൽ ആസ്വദിച്ചിരുന്നു യാത്ര ചെയ്തു.
കേദാർനാഥ് കീ
ഹെലിപ്പാഡിൽ ഇറങ്ങി. അമ്പലത്തിന്റെ പിൻവശത്തു മല വെള്ളി മഞ്ഞു മൂടിക്കിടക്കുന്നത് കാണാനുള്ള ഭംഗി അവര്ണനീയം തന്നെ. ഇറങ്ങിയ പാടെ "പാണ്ട"മാർ ഞങ്ങളെ വളഞ്ഞു. അംബാല ദര്ശനം കഴിയുന്നത് വരെ ഞങ്ങൾക്ക് "എസ്കോർട്" ഉണ്ടായിരുന്നു. അവരുടെ സഹായത്തോടെ വിസ്തരിച്ചു തൊഴുതു, അർച്ചന ചെയ്തു.
ഭാരതത്തിലെ പന്ത്രണ്ടു ജോതിലിംഗപ്രതിഷ്ഠകളിൽ ഏറ്റവും പ്രധാനമായത് കേദാര്നാഥിലേയാണ്.കേദാറിൽ ദർശനം ചെയ്യുമ്പോൾ എല്ലാ പാപങ്ങളിൽനിന്നും മോചനം പ്രാപിക്കുന്നതായി പറയപ്പെടുന്നു. അതി ശീതകാലത്തു അമ്പലം അടച്ചിടും. താഴെ ഹ്യൂക്കീ മഡ് എന്ന സ്ഥലത്താണ് പിന്നെ പൂജ.
ഓർമ്മയുണ്ടോ? കഴിഞ്ഞ പ്രകൃതി ക്ഷോഭത്തിൽ കേദാർനാഥിൽ അമ്പലം ഒഴിച്ച് എല്ലാം കുത്തിയൊലിച്ചു പോയി.(ഫോട്ടോസ് താഴെ പോസ്റ്റ് ചെയ്യുന്നുണ്ട്- ഇപ്പോഴത്തെ സ്ഥിതി). അമ്പലം മാത്രം രക്ഷപ്പെട്ടു. ഒരു ബസ്സിന്റെ അത്രയും പോന്ന ഒരു വലിയ കല്ല് ഒഴുകി വന്നു വിലങ്ങനെ നിന്നു. പ്രളയം മുഴുവൻ രണ്ടു വശത്തേക്കുമായി തിരിഞ്ഞു പോയി. ആ കല്ല് കാണേണ്ടേ?
അമ്പലത്തിൽ വിചിത്രവേഷധാരികളായ ഭിക്ഷക്കാർ ധാരാളം ഉണ്ടായിരുന്നു.
പ്രകൃതി, രമണീയം തന്നെ. ഫോട്ടോകൾ എത്ര എടുത്താലും മതിവരുക ഇല്ല. ചിലതു കാണൂ.
കേദാർനാഥ ദർശനം വളരെ കേമമായി.തെളിഞ്ഞ അന്തരീക്ഷം, നല്ല കാലാവസ്ഥ, പ്രസന്നവും സന്തോഷവും നിറഞ്ഞ അന്തരീക്ഷത്തിൽ, വെറും വയറ്റിൽ ഭഗവാനെ മനംകുളിർക്കേ തൊഴാൻ കഴിഞ്ഞത് ഈശ്വരാനുഗ്രഹം തന്നെ. മന്ദാകിനിക്കരയിലൂടെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് ഞങ്ങൾ നീങ്ങി. തിരിച്ചു കേറാൻ ഹെലിപ്പാഡിൽ വന്നു, ഒമ്പതുമണിക്ക് പ്രാതൽ ആസ്വാദ്യതയോടെ കഴിച്ചു.
തിരിച്ചു ഫാട്ട ഹെലിപ്പാഡിൽ എത്തിയപ്പോൾ സിനിമാനടി സുകന്യയെ കണ്ടത് അകത്തുള്ളയാൾക്കു ഏറെ സന്തോഷത്തിനു ഇടയാക്കി
എല്ലാവരും തിരിച്ചെത്തി പത്തരയോടെ ഞങ്ങൾ ബദരിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ആറുമണിയോടെ ഞങ്ങൾ പിപ്പൽകോട്ടി എന്ന സ്ഥലത്തെത്തി. ബദരിയിൽ അന്ന് തങ്ങാൻ ഞങ്ങൾ ശങ്കർജിയുടെ സ്ഥലത്തു റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ ജോഷിമഡ് ചെക്പോസ്റ്റിൽ നിന്നും വിടുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഞങ്ങൾ പിപ്പൽകോട്ടിയിൽ കൂടി.അതെല്ലാം ഞങ്ങളുടെ മാനേജർ വേണുജിയുടെ മിടുക്കാണ്.പെട്ടെന്ന് അവിടെ റൂം ക്യാൻസൽ ചെയ്യാനും ഇവിടെ എടുക്കാനും ആര് തയ്യാറാവും? അതും പത്തു എൺപതു പേർക്ക്.പണ്ട് ഓരോ ഏജൻസിയുടെ കൂടെ പോയി ജോഷിമഠിൽ ചെക്പോസ്റ്റിൽ കുടുങ്ങി രാത്രി മുഴുവൻ ബസ്സിൽ കഴിയേണ്ടി വന്നത് കൂടെയുള്ള മീരാജി അനുസ്മരിക്കുകയുണ്ടായി.
പ്രകൃതിഭംഗിക്ക് ഇവിടെയും ഒരു പിശുക്കും ഇല്യ.
ജോഷിമഠിൽ നിന്നും പത്തു കിലോമീറ്റർ പോയാൽ വിഷ്ണു പ്രയാഗ് എത്തി.ഞങ്ങളുടെ പ്രാതൽ ഇവിടെയായിരുന്നു.
എല്ലാവരും തിരിച്ചെത്തി പത്തരയോടെ ഞങ്ങൾ ബദരിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു.
ബദരിയിലേക്ക്
അതി രാവിലെ തിരിച്ചാൽ മാത്രമേ ബദരിയിൽ എത്താൻ പറ്റൂ എന്ന് അറിയാമായിരുന്നു. വഴിക്ക് രുദ്രപ്രയാഗ് നിർത്തി, അൽപ്പനേരം. കേദാറിൽ നിന്ന് ഒഴുകിവരുന്ന മന്ദാകിനിയും ബദരിയിൽ നിന്ന് വരുന്ന അളകാനന്ദയുടെയും സമാഗമം ആണ് ഇവിടെ. ഇവിടെയും മറ്റു പ്രയാഗുകളിലും, ദേവപ്രയാഗ്,രുദ്രപ്രയാഗ്,കര്ണപ്രയാഗ്,നന്ദപ്രയാഗ്, വിഷ്ണുപ്രയാഗ് - ഞങ്ങൾ ഇറങ്ങുകയുണ്ടായില്ല. ആൾക്കാർ കൂടുന്നതിന്റെ ചില പ്രശ്നങ്ങൾ....
ആറുമണിയോടെ ഞങ്ങൾ പിപ്പൽകോട്ടി എന്ന സ്ഥലത്തെത്തി. ബദരിയിൽ അന്ന് തങ്ങാൻ ഞങ്ങൾ ശങ്കർജിയുടെ സ്ഥലത്തു റൂം ബുക്ക് ചെയ്തിരുന്നു. എന്നാൽ ജോഷിമഡ് ചെക്പോസ്റ്റിൽ നിന്നും വിടുമോ എന്ന് ഉറപ്പില്ലാത്തതിനാൽ ഞങ്ങൾ പിപ്പൽകോട്ടിയിൽ കൂടി.അതെല്ലാം ഞങ്ങളുടെ മാനേജർ വേണുജിയുടെ മിടുക്കാണ്.പെട്ടെന്ന് അവിടെ റൂം ക്യാൻസൽ ചെയ്യാനും ഇവിടെ എടുക്കാനും ആര് തയ്യാറാവും? അതും പത്തു എൺപതു പേർക്ക്.പണ്ട് ഓരോ ഏജൻസിയുടെ കൂടെ പോയി ജോഷിമഠിൽ ചെക്പോസ്റ്റിൽ കുടുങ്ങി രാത്രി മുഴുവൻ ബസ്സിൽ കഴിയേണ്ടി വന്നത് കൂടെയുള്ള മീരാജി അനുസ്മരിക്കുകയുണ്ടായി.
ബദരീയാത്ര
പിപ്പൽകോട്ടിയിൽ നിന്നും ഞങ്ങൾ രാവിലെ പുറപ്പെട്ടു.ജോഷിമഠിൽ എത്തി. ജോഷിമഠ് സാമാന്യം നല്ലൊരു പട്ടണമാണ്.കടകളും കെട്ടിടങ്ങളുമൊക്കെ ധാരാളം.വണ്ടി സൈനിക ചെക്ക് പോസ്റ്റീൽ നിർത്തി.
ഇടുങ്ങിയ റോഡ് ആയതിനാൽ വാഹനങ്ങൾ ഇത് വഴിക്കു കോൺവോയ് അടിസ്ഥാനത്തിലാണ് കടത്തിവിടുന്നത്. ചെക്പോസ്റ്റിൽ സമയം എടുക്കും. ഞങ്ങൾ ഇറങ്ങി.ഇതിനു അടുത്ത് തന്നെയാണ് ശങ്കരാചാര്യർ സ്ഥാപിച്ച മഠം.ആചാര്യർ ഉപയോഗിച്ച മുറിയും കാണാം
ഇതിനു അടുത്തുതന്നെ നരസിംഹമൂർത്തി ക്ഷേത്രം ഉണ്ട്.ഇതിവിടെ പ്രതിഷ്ഠിച്ചത് ശ്രീശങ്കരനാണെന്നു കരുതപ്പെടുന്നു.നരസിംഹവിഗ്രഹത്തിന്റെ ഇടതു കൈ തേഞ്ഞുകൊണ്ടിരിക്കുകയാണെന്നും കലിയുഗത്തിൽ അത് അറ്റു വീഴുമെന്നും വീണാൽ പർവതങ്ങൾ ഇടിഞ്ഞു വീണു ശബരിയിലേക്കുള്ള എല്ലാ വഴികളും അടഞ്ഞു പോകുമെന്നും വിശ്വസിക്കപ്പെടുന്നു.ശൈത്യകാലത്തു ബദരിയിൽ നട അടക്കുമ്പോൾ ബദരീനാഥൻ പൂജിക്കപ്പെടുന്നത് ഇവിടുന്നാണത്രെ.
പ്രകൃതിഭംഗിക്ക് ഇവിടെയും ഒരു പിശുക്കും ഇല്യ.
ജോഷിമഠിൽ നിന്നും പത്തു കിലോമീറ്റർ പോയാൽ വിഷ്ണു പ്രയാഗ് എത്തി.ഞങ്ങളുടെ പ്രാതൽ ഇവിടെയായിരുന്നു.
ഇനി ബദരിയിലേക്കുള്ള യാത്രയാണ്. ഒരു മല ചുറ്റി ചുറ്റി കേറി അടുത്ത മലയിലേക്ക് . അവിടുന്ന് അടുത്തതിലേക്ക്. ഏറ്റവും ദുർഘടം പിടിച്ച പാതയിലൂടെയാണ് കടന്നുപോകുന്നത്.ഇടുങ്ങിയ റോഡുകൾ. ഏതു സമയത്തും താഴേക്കു വീഴാൻ തയ്യാറാണെന്ന് വിളിച്ചു പറയുന്ന പാറക്കൂട്ടങ്ങൾ.നിറഞ്ഞൊഴുകുന്ന പ്രകൃതിഭംഗി.പക്ഷെ, നെഞ്ചിടിപ്പോടെ അല്ലാതേ ഈ വഴികൾ താണ്ടാൻ ആർക്കും ആവില്ല.ഫോട്ടോകൾ കണ്ടോളൂ.പക്ഷെ അവയൊന്നും ശരിയായ കാഴ്ചയുടെ പ്രതിബിംബങ്ങൾ അല്ല.
ദേവഭൂമിയിൽ
അങ്ങിനെ ഞങ്ങൾ ബദരിയിൽ എത്തി.ധര്മാനന്ദസരസ്വതീ സ്വാമിയുടെ സ്മാരകമന്ദിരത്തിലാണ് വാഹനങ്ങൾ പാർക്ക് ചെയ്തത്.
ഇവിടെനിന്നു സാധനങ്ങൾ ശങ്കർജിയുടെ ലോഡ്ജിൽ എത്തിക്കാൻ ചുമട്ടുകാർ ഉണ്ടായിരുന്നു.അതിന്റെ "സൂപ്പർവൈസർ " ആയി ഒരു നേപ്പാളി പയ്യനും.
മുറിയിലെത്തി കുളിക്കാനുള്ള ഡ്രെസ്സുമായി ഞങ്ങൾ അമ്പലത്തിലേക്ക് നടന്നു. ദൂരെ അമ്പലം കാണാം.
അളകാനന്ദയുടെ പാലം കടന്നു അമ്പലത്തിൽ കയറുന്ന വഴിക്കുതന്നെയാണ് തപ്തകുണ്ട്.തപ്തകുണ്ടിൽ ഗംഭീരമായി സ്നാനം ചെയ്തു. ഇവിടെ വെള്ളത്തിന് ചൂട് വളരെ കൂടുതലാണ്.അഗ്നിദേവത ഇവിടെ ചൂടുവെള്ളത്തിൽ രൂപത്തിൽ സ്ഥിതി ചെയ്യുന്നതായി കരുതപ്പെടുന്നു.മഹാപാപി പോലും ഇവിടെ സ്നാനം ചെയ്താൽ സർവ പാപങ്ങളും ഇല്ലാതാകുമെന്ന് പറയപ്പെടുന്നു.
ഇവിടെ ശങ്കരാചാര്യർ പുനരുദ്ധരിച്ചതിനാൽ കേരളീയർക്ക് മാത്രമേ ശാന്തി ചെയ്യാൻ പറ്റൂ. ഇപ്പോൾ പയ്യന്നൂർക്കാരൻ നമ്പൂതിരിയാണ് ശാന്തി. അദ്ദേഹത്തിന് രാവഞ്ചി എന്ന് പറയും. പ്രത്യേക വേഷം ഒക്കെ ഉണ്ട്, അമ്പലത്തിൽ പൂജ ചെയ്യുമ്പോൾ, അകത്തുള്ളയാളുടെ ബന്ധു രാവഞ്ചിയുടെ അസിസ്റ്റന്റ് ആയതിനാൽ നേരെ നടക്കു മുന്പിലിരുന്നു വിസ്തരിച്ചു തൊഴാൻ പറ്റി.
ശങ്കർജി അനവധി കാലമായി ബദരിയിലെത്തിയിട്ട് . മലയാളികൾ മിക്കവാറും ഇവിടെയാണ് താമസിക്കാറ് . രാത്രി ഇദ്ദേഹത്തിന്റെ അനുഗ്രഹപ്രഭാഷണവും ഉണ്ടായിരുന്നു.
നമ്മുടെ ബന്ധു രാജേഷ് ഇവിടെയുണ്ടായത് വലിയ അനുഗ്രഹമായി.അദ്ദേഹം ഇവിടെ ലോഡ്ജിലും വന്നിരുന്നു. കുറച്ചുനേരമേ സംസാരിച്ചിരിക്കാൻ കഴിഞ്ഞുള്ളു. ഊണ് കഴിഞ്ഞു "മന " യിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് .
എല്ലാ സ്ഥലത്തേക്കാളും ഒന്നുകൂടി മനോഹരമാണോ ഇവിടുത്തെ പ്രകൃതി എന്ന് തോന്നും പലപ്പോഴും.
ഇന്ത്യയിലെ അവസാനത്തെ ഗ്രാമം
ഇന്ത്യയിലെ അവസാനത്തെ ഗ്രാമം.അതാണ് മന. അടുത്ത് തന്നെയാണ്. പക്ഷെ വാഹനത്തിൽ നിന്ന് ഇറങ്ങി മല കയറണം. എല്ലാം ഗ്രാമീണരുടെ താമസസ്ഥലങ്ങൾ ആണ്. പോകുന്ന വഴിയെല്ലാം വീടുകളും ചെറിയ കടകളും ഉണ്ട്. കടകളിൽ കമ്പിളിയാണ് പ്രധാനവിൽപ്പന.അവിടത്തെ ഗ്രാമീണർ തന്നെയാണ് നെയ്തു ഉണ്ടാക്കുന്നത്. ആയതിനാൽ വിലയും കുറവാണ്.
വ്യാസ ഗുഹ
അയ്യായിരം കൊല്ലം പഴക്കമുള്ള ദിവ്യഗുഹയാണ് വ്യാസ ഗുഹ. ഗുഹാന്തർഭാഗത്തു വ്യാസന്റെ ഒരു പ്രതിമയുണ്ട്.വ്യാസഭഗവാൻ ഈ ഗുഹയിലിരുന്നാണ് മഹാഭാരതാഖ്യാനം നിർവഹിച്ചത് എന്നെ ഐതിഹ്യം. ഗണപതിയാണത്രെ വ്യാസൻ ചൊല്ലിക്കൊടുത്ത മഹാഭാരതം പകർത്തിയെഴുതിയത്.
ഈ മലയുടെ മറ്റൊരു ചെരിവിലാണ് ഭീമൻ പാറ ഉള്ളത്. ദ്രൗപദിക്ക് തോട് മുറിച്ചു കടക്കുന്നതിനായി ഭീമസേനൻ വലിയൊരു പാറക്കല്ല് അരുവിക്ക് കുറുകെ വെക്കുകയാണത്രെ ഉണ്ടായത്.ഇപ്പോൾ മേൽഭാഗം ഒക്കെ കോൺക്രീറ്റ് ചെയ്തതിനാൽ അടിയിൽ നിന്ന് നോക്കിയാലേ അറിയാൻ കഴിയൂ.
തിരിച്ചുപോകുന്ന വഴിക്കു ഇന്ത്യയിലെ അവസാനത്തെ തപാൽ പെട്ടി കണ്ടു. അമ്മയ്ക്കും എന്റെ പേരക്കുട്ടിക്കും ഓരോ പോസ്റ്റുകാർഡ് എഴുതി അയച്ചു. മിക്കവാറും എല്ലാവരും കത്ത് പോസ്റ്റ് ചെയ്യുകയുണ്ടായി.അതിനാവശ്യമായ കാർഡുകൾ ഞങ്ങളുടെ ഗ്രൂപ് വാങ്ങിവെച്ചിട്ടുണ്ടായിരുന്നു. കത്ത്, പക്ഷെ, ഞങ്ങൾ നാട്ടിലെത്തിയതിനു ശേഷമാണ് കിട്ടിയത്.
വൈകുന്നേരം അമ്പലനടക്കൽ സഹസ്രനാമ അർച്ചന ഞങ്ങൾ ബുക്ക് ചെയ്തിരുന്നു.രാജേഷ് ഉണ്ടായിരുന്നത് കൊണ്ട് മുൻപിൽത്തന്നെ ഇരിക്കാൻ തരായി.
അമ്പലത്തിൽ നിന്നിറങ്ങി ചില്ലറ ഷോപ്പിംഗ്. എട്ടു മണിയോടെ രാവാൻജിയുടെ മുറിയിലെത്തി അദ്ദേഹത്തിന് ദക്ഷിണവെച്ചു നമസ്കരിച്ചു, പ്രസാദം വാങ്ങി.ആരാണോ ബദരീനാരായണഭഗവാന്റെ സന്നിധാനത്തിലെ പ്രസാദം ഭുജിക്കുന്നത് അവൻ മൂന്നുലോകത്തിലും ധന്യനാണെന്നും ദേവന്മാരാൽ അവർ ആരാധിക്കപ്പെടുമെന്നും പറയപ്പെടുന്നു.
പട്ടുതുണിയിൽ പൊതിഞ്ഞു കൊടുത്ത നാണയത്തുട്ടുകൾ കുബേരവിഗ്രഹത്തിനടുത്തു വെച്ച് പൂജിച്ചുവിഗ്രഹത്തിന്റെ കയ്യിൽ അർപ്പിച്ചു നമുക്ക് തരുന്നു.ഇത് വീട്ടിൽ കൊണ്ടുവെച്ചാൽ ദാരിദ്ര്യം തീർന്നു ഐശ്വര്യവും സമ്പത്തും വർദ്ധിക്കും. ഏതായാലും ഒരു കിഴി ചെറുകരയിലും എത്തിയിട്ടുണ്ട്.
അതി ശൈത്യകാലത്തു ഇവിടെ പൂജയില്ല. ഒരു വിളക്ക് എണ്ണയൊഴിച്ചു വെച്ച് കത്തിക്കും.നടയടച്ചു ആറുമാസം കഴിഞ്ഞുവന്നു നട തുറക്കുമ്പോളും ഈ വിളക്ക് കത്തികൊണ്ടിരിക്കുമത്രേ. ഈ ആറുമാസം ദേവന്മാർ അമ്പലത്തിൽ പൂജ ചെയ്യുന്നതായി വിശ്വസിക്കപ്പെടുന്നു.
വൈകീട്ട് സദ്സം ഗമത്തിൽ ശങ്കർജി പങ്കെടുക്കുകയും മുൻപ് സൂചിപ്പിച്ചപോലെ അനുഗ്രഹപ്രഭാഷണം നടത്തുകയും ഉണ്ടായി.
നാളെ രാവിലെ ഇവിടുന്നു മടങ്ങും. മൂന്നു ബസ്സിൽ ഒരു ബസ്സിലെ ആൾക്കാർ ഫ്ലവർ വാലിയിലേക്ക് പോകും ബാക്കിയെല്ലാവരും മടങ്ങും.അതായിരുന്നു പരിപാടി. പക്ഷെ, ഫ്ലവർ വാലിയിൽ സീസൺ കഴിഞ്ഞതിനാൽ പൂക്കൾ കുറവായതിനാൽ അതിൽ മിക്കവാറും പേര് ബദരിയിൽ തന്നെ തങ്ങാൻ തീരുമാനിച്ചു. ആറു പേര് മാത്രമേ വാലിയിലേക്ക് പോയുള്ളൂ.മാനേജർ വേണുജി അവരുടെ കൂടെയാണ്. അസിസ്റ്റൻറ് ശിവപ്രസാദ് ഞങ്ങളെ നയിക്കും.
ഞങ്ങളുടെ കുശിനിക്കാരുടെ സേവനം വളരെ മികച്ചതായിരുന്നു. പലപ്പോഴും ഞങ്ങൾ കിടന്നുറങ്ങുമ്പോഴും അവർ ഉറക്കമൊഴിച്ചു പണിതു കൊണ്ടിരിക്കും. പുറമെ രാവിലെ ഞങ്ങളോടൊപ്പം യാത്ര ചെയ്യുകയും ചെയ്യും.ടീം പിരിയുകയായതിനാൽ, ഞങ്ങളെല്ലാവരും കൂടി ഒരു സംഖ്യ പിരിച്ചു അവർക്കു പാരിതോഷികം നൽകി. അവർ ഹരിദ്വാർ വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
വഴിക്ക് തപ്തകുണ്ടിൽ നിന്ന് കേറുന്ന വഴിയിൽ ഒരു ശിവക്ഷേത്രം ഉണ്ട്. അവിടെ തൊഴുതിട്ടു വേണമത്രേ ബദരീനാഥനെ തൊഴാൻ. രാജേഷ് രാത്രിയാണ് അത് പറഞ്ഞത്. അത് ഉണ്ടായില്ല. അതോണ്ട് ഒരു വിഷമം ഉണ്ടായിരുന്നു. രാവിലെ എണീറ്റപ്പോൾ ചൂടുവെള്ളം ഇല്ല. ശങ്കർജിയുടെ അസിസ്റ്റന്റ് ബാലേട്ടനോട് പറഞ്ഞിട്ടും കാര്യമുണ്ടായില്ല. ഉർവ്വശീശാപം ഉപകാരമായി. ഞങ്ങൾ തപ്തകുണ്ടിൽ പോയി വീണ്ടും കുളിച്ചു. ശിവന്റെ അമ്പലത്തിൽ സ്വയം ധാര അർപ്പിച്ചു തൊഴുതു. സന്തോഷമായി, ആ കുറവ് നികന്നല്ലോ. അമ്പലത്തിൽ പോയി വീണ്ടും തൊഴുതു.കുറച്ചു നേരം അവിടെ ചിലവഴിക്കുകയും ചെയ്തു. എനിക്ക് തണുപ്പ് തീരെ സഹിക്കാൻ വയ്യ. എങ്കിലും അതിരാവിലെ വെറും ഷർട്ടും പാൻറ്സും മാത്രം ധരിച്ചു നടക്കാൻ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. അത്ഭുതം തന്നെ.
ഗരുഡ ഗംഗ
വഴിക്ക് ഗരുഡഗംഗയിൽ ഇറങ്ങി. ഗരുഡൻ തപസ്സു ചെയ്ത പാറ ഇവിടെയാണെന്ന് പറയപ്പെടുന്നു. ഇവിടുത്തെ ചെറിയ പാറക്കല്ലുകൾ വീട്ടിൽ സൂക്ഷിച്ചാൽ സർപ്പശല്യം ഉണ്ടാവില്ലെന്ന് പറയപ്പെടുന്നു.ഗരുഡഗംഗയുടെ പാറക്കഷ്ണങ്ങളുടെ അംശം നിലകൊള്ളുന്നിടത്തു സർപ്പഭയം ഉണ്ടാവുന്നതല്ല
ദീര്ഘയാത്രക്ക് ശേഷം ഞങ്ങൾ രാത്രിയോടെ ശ്രീനഗറിൽ എത്തി. വളരെ മികച്ച ഹോട്ടലും മുറികളും ആയിരുന്നു. പക്ഷെ മുൻഭാഗത്തു തന്നെ ഒരു കല്യാണ റിസപ്ഷൺ ആയിരുന്നു. ആൾക്കാരുടെ ബഹളവും ഡാൻസും പാട്ടും കൊട്ടും രാത്രി മുഴുവൻ നീണ്ടുനിന്നു.
രാവിലെ പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ പുറപ്പെട്ടു.
വഴിക്കു രുദ്രപ്രയാഗിൽ ഫോട്ടോ എടുക്കാനായി മാത്രം ഇറങ്ങി. വിസ്തരിച്ചു കാണാൻ സമയമില്ല.
വസിഷ്ഠഗുഹ
വസിഷ്ഠഗുഹ വളരെ വിശേഷപ്പെട്ട ഒരു കാഴ്ചയാണ്. വസിഷ്ഠമഹർഷി തപസ്സു ചെയ്തിരുന്ന ഗുഹയാണ്.കഷ്ടി ഒരാൾക്ക് കടക്കാൻ കഴിയുന്ന നീളത്തിലുള്ള ഗുഹയുടെ അറ്റത്തു ഒരു ചെറിയ വിള ക്ക് കത്തിച്ചുവെച്ചിട്ടുണ്ട്. അവിടെ ഒരു ശിവലിംഗ പ്രതിഷ്ഠ കാണാം. എങ്ങും ഇരുട്ടാണ്. വഴികാണാനായി മൊബൈൽ ടോർച്ചു തെളിയിച്ചപ്പോൾ ഗുഹയിൽ നീളെ ആൾക്കാർ ഇരിക്കുന്നതാണ് കണ്ടത്. കൂടുതലും വിദേശികൾ ആണ്. ഞങ്ങളുടെ തിരക്ക് അവരെ ശല്യപ്പെടുത്തിയിട്ടുണ്ടാവും തീർച്ച. മെഡിറ്റേഷനു പറ്റിയ സ്ഥലമാണ്. പക്ഷെ ഇപ്പോൾ നമുക്ക് പറ്റില്ല.മാത്രമല്ല, ഈ തേനീച്ചക്കൂട്ടിൽ നമുക്ക് എന്ത് കോൺസെൻട്രേഷൻ കിട്ടാൻ?
മഠാ ധിപതിയുമായി ഞങ്ങൾ കുറേനേരം സംസാരിച്ചിരുന്നു. അദ്ദേഹം പണ്ട് 1950 കളുടെ അവസാനത്തിൽ കേദാർ പോയതും ചൈനക്കാരുടെ കയ്യിൽനിന്നും രക്ഷപ്പെട്ടതും ഒക്കെ പറഞ്ഞു. മധുരം തന്നു. ഇവിടെ തീർത്ഥാടകർക്ക് ആവശ്യമെങ്കിൽ ഭക്ഷണവും പുരുഷന്മാർക്ക് താമസസൗകര്യവും ലഭ്യമാണ്.
ഞങ്ങൾ നദിയിലേക്കു ഇറങ്ങി. ഇതിന്റെ തീരത്താണ് അരുന്ധതീ ഗുഹ. വസിഷ്ഠമുനിയുടെ പത്നി അരുന്ധതി ഇവിടെ ധ്യാനമിരുന്നിരുന്നു. ഇപ്പോൾ സർക്കാർ സെർവിസിൽ നിന്നും വിരമിച്ച ഒരു റാവത് ആണ് അതിന്റെ "ചുമതലക്കാരൻ". അദ്ദേഹം നിത്യാനന്ദസ്വാമിയുടെ ശിഷ്യൻ ആണ്.
ഇവിടെ ചില കുരങ്ങന്മാരെ കണ്ടു. വളരെ അപൂർവ സ്ഥലങ്ങളിൽ മാത്രമേ അവരെ കണ്ടിട്ടുള്ളൂ.
ഋഷികേശിൽ
അങ്ങിനെ ഞങ്ങൾ ഋഷികേശിൽ എത്തി. മുൻപ് ഞങ്ങൾ പോയിട്ടുള്ളതാണ്. ലക്ഷ്മൺ ജൂല ലക്ഷ്മണൻ തപസ്സിരുന്ന സ്ഥലമാണ്.ഇവിടെയുള്ള തിരക്ക് പിടിച്ച തൂക്കുപാലം എല്ലാവരെയും ആകർഷിക്കും. സീതാദേവിക്ക് ഗംഗയുടെ മറുകരയിൽ എത്തുന്നതിനായി അസ്ത്രങ്ങൾകൊണ്ട് തൂണില്ലാതെ ലക്ഷ്മണൻ നിർമിച്ചുകൊടുത്തതാണ് ഈ തൂക്കുപാലം.ഇപ്പോഴത്തെ പാലം ജയ്പ്പൂരിലെ രാജാവ് പുതുക്കിപ്പണിതത് ആണ്.ഞങ്ങൾ പാലം കടന്നു ജീപ്പിൽ കയറി രാമൻ ജൂലയിൽ എത്തി. അവിടെ നിന്ന് പാലം കടന്നു തിരിച്ചും.ജനങ്ങളുടെ സൗകര്യത്തിനായി ഗംഗക്ക് കുറുകെ ഉണ്ടാക്കിയ പാലമാണ് രാമൻജൂല. പിന്നെ ഓട്ടോയിൽ പാർക്കിംഗ് സ്ഥലത്തേക്ക്.ഒരു ഓട്ട പ്രദക്ഷിണമായിരുന്നു. ഞങ്ങൾക്ക് വിരോധം ഉണ്ടായിരുന്നില്ല.ആരതി കാണാൻ നേരത്തെ എത്താമല്ലോ.
ലക്ഷ്മണന്റെ അമ്പലം
ഘർ വാപസി
അതെ...ഹരിദ്വാറിൽ എത്തിയാൽ വീട്ടിൽ തിരിച്ചെത്തിയപോലെ ആണ്. ഇവിടുന്നല്ലേ എല്ലാം തുടങ്ങുന്നത്. അഞ്ചേകാലോടെ ഞങ്ങൾ ഹരിദ്വാറിൽ ഗംഗാ തീരത്തു എത്തി.പത്തു ദിവസം നീണ്ട യാത്രയുടെ അവസാനം ആണ്.ഞങ്ങളുടെ ഡ്രൈവറുടെ സേവനം വളരെ മഹത്തരം ആയിരുന്നു.ഈ പത്തു ദിവസവും ഞങ്ങളോടൊപ്പം നിന്ന് ഞങ്ങളിൽ ഒരാളായി അവൻ മാറിയിരുന്നു.എവിടുന്നെങ്കിലും ഒരു സഡൻ ബ്രേക്ക് ഇട്ടതുപോലും ഞങ്ങൾക്ക് ഓർമയില്ല.അത്രയും പക്വമായ ഡ്രൈവിംഗ് ആയിരുന്നു. ഞങ്ങൾ എല്ലാവരും കൂടി ഒരു സംഖ്യ പിരിച്ചു അവനു സമ്മാനമായി കൊടുത്തു. അവനു വളരെ സന്തോഷമായി.
ദേവപ്രയാഗിൽ നിന്നും ഭഗീരഥിയും അളകാനന്ദയും സംഗമിച്ചു ഗംഗയായി ഒഴുകുന്നു.ശിവജടയിൽ നിന്ന് ഭൂമിയിലേക്ക് പതിച്ച ഗംഗ പല കൈവഴികളിലായി വിവിധസംഗമങ്ങളിൽ ഒന്നിച്ചുചേർന്നു നിരപ്പായി ഒഴുകുന്ന പുണ്യസ്ഥലമാണ് ഹരിദ്വാർ.
ആരതി ദർശനം
ഇത്രയും അടുത്ത്, ഇത്രയും ഭംഗിയായി ആരതി കണ്ടിട്ടില്ല. കുറെ ദൂരെ ഇരുന്നു മാത്രമേ കണ്ടിട്ടുണ്ടായിരുന്നുള്ളൂ. ആ കുറവ് ഇപ്രാവശ്യം തീർ ന്നു ന്നു പറഞ്ഞാൽ മതിയല്ലോ. പൂജയുടെ ഒപ്പം നമുക്കും ആരതി ചെയ്യാം. തോ ണിയുടെ ആകൃതിയിൽ കുത്തിയെടുത്ത ഇലക്കുമ്പിളിൽ വിവിധവർണ്ണത്തിലുള്ള പൂക്കളും , നടുവിൽ കൊളുത്തിവെച്ച മൺചിരാതും നമുക്ക് ഗംഗയിലൂടെ ഒഴുക്കാം.ഹരഹര ഗംഗേ എന്ന മന്ത്രധ്വനിയിൽ ഈ ചിരാതുകളുടെ ഇത്തിരിവെട്ടം നമ്മുടെ മനസ്സിൽ കുളിരു കോരിയിടും.
രാത്രി തിരിച്ചു ഹരിദ്വാറിൽ അയ്യപ്പൻറെ അമ്പലത്തിൽ. എല്ലാം പഴയ പോലെ.
കൊട്ടിക്കലാശം
ഇന്ന്, 10 .10 ,2016 . ഇന്ന് അവസാന ദിനമാണ്.മാനസാദേവി,
,ചാണ്ഡികാദേവി അമ്പലദര്ശനം ആണ് ഇന്നത്തെ പരിപാടി.ഓട്ടോ ഏർപ്പാടാക്കിയിട്ടുണ്ട്. ഞങ്ങൾ മുൻപ് പോയിട്ടുള്ളതിനാൽ വല്യ ഉത്സാഹം തോന്നിയില്ല. പകരം ഷോപ്പിംഗ് ആവാം എന്ന് പറഞ്ഞപ്പോൾ സ്ത്രീപ്രജകൾക്കു ബഹുത് ഖുശി ഹോഗയീ ...
ഓട്ടോയിലാണ് കറക്കം. ഒന്നിൽ എട്ടു പേര് കയറും.ഇത് കൂടാതെ ബാറ്ററിയിൽ ഓടുന്ന ഓട്ടോയും സൈക്കിൾ റിക്ഷയും എല്ലാം ഉണ്ട്. ഇടുങ്ങിയ തെരുവുകൾ ആണ്. വൺവേ തെറ്റിച്ചു വന്ന ഓട്ടോയുടെ ടയറുകൾ ട്രാഫിക് പോലീസ് വന്നു കുത്തികീറുന്നതു കണ്ടു.
അവസാനത്തെ ആ ഒരു ഇരിപ്പേ ....
(തെറ്റിദ്ധരിക്കണ്ട, ശുദ്ധമായ പാൽ ആണ്. ഇവിടെ ഏറ്റവും സുലഭമായി കിട്ടുന്ന സാധനം.disposable മൺ ചട്ടിയിലാണ് കിട്ടുക )
ഇവിടുത്തെ ഏറ്റവും വലിയ മാർക്കറ്റിലേക്കാണ് ഞങ്ങൾ പോയത്.കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന കടകൾ. ഷോപ്പിംഗ് നടത്തി എല്ലാവരും ക്ഷീണിച്ചു, ഇനി വയ്യ എന്ന് സ്ത്രീകൾ പറഞ്ഞാൽ ഊഹിക്കാമല്ലോ. വിലയും വളരെ കുറവ്. ഓരോന്നിനും വെറും നൂറു രൂപ, നൂറ്റമ്പതു രൂപ എന്നൊക്കെ പറഞ്ഞപ്പോൾ ഇനി ഇതിലെങ്ങിനെ വിലപേശും എന്നറിയാതെ ഞങ്ങൾ കുഴങ്ങി.
വൈകീട്ട് ഗംഭീര പാക്കിങ് ആയിരുന്നു. അതെ. യാത്ര തീരുകയാണ്. രാത്രി പന്ത്രണ്ടേ മുക്കാലിനാണ് ട്രെയിൻ. ഒരു ഏടാകൂടം പിടിച്ച സമയം.അഞ്ചു മിനുട്ടു മാത്രമേ നിർത്തൂ .പത്തറുപതു പേരും ഓരോരുത്തർക്കും രണ്ടു മൂന്നു പെട്ടികളും. എങ്ങിനെയാണ് ഇത് മുഴുവൻ കേറ്റി പോവാൻ കഴിഞ്ഞത് എന്ന് ദൈവത്തിനെ അറിയൂ.
തലസ്ഥാനനഗരിയിൽ
രാവിലെ ആറുമണിക്ക് ഡൽഹി റെയിൽവേ സ്റ്റേഷനിൽ. ഫ്ലൈറ്റ് ഒരു മണിക്ക് ശേഷമാണ്. ആയതിനാൽ വിശ്രമിക്കാൻ റയില്വേസ്റ്റേഷനിൽ എക്സിക്യൂട്ടീവ് ലോഞ്ചു ബുക്ക് ചെയ്തിരുന്നു. സുഖമായി വിശ്രമിച്ചു പ്രാതൽ കഴിച്ചു.
ഒൻപതു മണിക്ക് ഞങ്ങൾ ഇറങ്ങി. പ്രൈവറ്റ് ടാക്സിക്കാരുടെ അപേക്ഷ പരിഗണിച്ചു പ്രീപെയ്ഡ് വേണ്ടെന്നു വെച്ചു . ഇഷ്ടം പോലെ സമയമുണ്ടായിരുന്നതിനാൽ ബോര്ഡിങ് പാസ് എടുത്തു.
സുഖകരമായ യാത്ര ഞങ്ങളുടെ ദീർഘ യാത്രയുടെ പര്യവസായിയായി.
ഞങ്ങളുടേത് ഒരു ജംബോ ടീം ആയിരുന്നതുകൊണ്ട് ഒരു" സാർവാണി" മാതിരി ആയിരുന്നു കാര്യങ്ങൾ. പക്ഷെ, ഞങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളൊക്കെ നൂറുശതമാനം വിജയകരമായി പൂർത്തീകരിച്ചു.നാല് ധാമിലും ഏതേതാണ് കേമമായത് എന്ന് പറയാൻ വയ്യ.ഏതായാലും ഇത് ഇത്ര വിജയകരമാക്കി തീർത്ഥത്തിൽ മാനേജർ വേണുജിക്കും ഞങ്ങൾക്ക് വേണ്ടി അഹോരാത്രം ബുദ്ധിമുട്ടിയ ഞങ്ങളുടെ ഡ്രൈവർ, പാചകക്കാർ എന്നിവരെ ഞങ്ങൾ സ്നേഹപൂർവ്വം ഓർക്കും. ഓരോ യാത്രയിലും തീർത്ഥാടകരുടെ കൂടെത്തന്നെ സഞ്ചരിക്കുകയും ഓരോ സ്ഥലത്തും അവരെ നിരീക്ഷിക്കുകയും ആവശ്യമുള്ള നിർദ്ദേശങ്ങൾ നൽകുകയും അവസരത്തിനൊത്തു സൗകര്യങ്ങൾ ചെയ്യുകയും വേണുജിയുടെ മാത്രം പ്രത്യേകതയാണ്.
ഞങ്ങളുടെ പാചകക്കാർ വേണുജിയോടൊപ്പം
ഞങ്ങളുടെ വേണുജി
ഞങ്ങളുടെ ഡ്രൈവർ അനിയൻ
ഞങ്ങളുടെ ഫുൾ ടീം
ഹിമാലയത്തെ കുറിച്ചുള്ള ഓർമ്മകൾ എന്നും മനസ്സിൽ ജ്വലിച്ചുകൊണ്ടിരിക്കും. എത്ര കൊടികെട്ടിയ നിരീശ്വരവാദിയും ഒരിക്കലെങ്കിലും നെഞ്ചത്ത് കൈ വെച്ച് ഭഗവാനെ വിളിക്കാതെ തിരിച്ചു ഇറങ്ങിയിട്ടുണ്ടണ്ടാവില്ല.ഹിമാലയത്തിൽ നിന്ന് ഇറങ്ങിയെങ്കിലും എന്നും അത് ഓർമയിൽ തന്നെ തങ്ങി നിൽക്കും. അതൊരുപക്ഷേ ഹിമാലയത്തിൻ്റെ മാത്രം പ്രത്യേകത ആവും . വീണ്ടും വീണ്ടും അവിടേക്കു പോകാനുള്ള ഒരു addiction ഓരോരുത്തരുടെ മനസ്സിലുമുണ്ടാവും. അത് ഒരു പക്ഷെ ഹിമാലയത്തിന്റെ മാത്രം പ്രത്യേകതയാവും. ഏതായാലും ഇനിയും ഈ വഴികളിലൂടെ കൂടുതൽ ഊർജസ്വലതയോടെ തീർത്ഥാടനം ചെയ്യാൻ ഭഗവാൻ കയ്യിനും കാലിനും ശരീരത്തിനും മനസ്സിനും ആവതും ആരോഗ്യവും നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിച്ചുകൊണ്ട് ആ തൃപ്പാദങ്ങളിൽ നമസ്കരിച്ചുകൊണ്ടു, വീണ്ടുമൊരു ശക്തമായ തിരിച്ചു വരവിനായി കാതോർത്തുകൊണ്ടു അവസാനിപ്പിക്കട്ടെ.
2016 യാത്ര




































































































































































































































































































































































































































Kalakki!
ReplyDeletethanq
DeleteKalakalakki
ReplyDeletethanq
DeleteReally good blogging. You are like a professional blogger. I got the experience of real travelling through himalayas...carry on. Visit new places and blog.
ReplyDeletethanq
Deleteഉഗ്രൻ, രണ്ടാമത് ഒരു യാത്ര കൂടി നടത്തിയ പോലെ.
ReplyDeleteഉഗ്രൻ, രണ്ടാമത് ഒരു യാത്ര കൂടി നടത്തിയ പോലെ.
ReplyDeleteഈശ്വരോ രക്ഷതു
Deleteഈശ്വരോ രക്ഷതു
DeleteMr. പ്രസാദ് , താങ്കളുടെ യാത്രകളും , അനുഭവങ്ങളും മറ്റുള്ളവർക്കുകൂടി പ്രയോജനപ്പെടുമാറ് വിശദമായി വിവരിച്ചു തന്നപ്പോൾ അതൊരു പുതിയ അനുഭൂതിയായി മാറി ! താങ്കളുടെ ഈ ഉദ്യമത്തിനെ എത്ര ശ്ളാഘിച്ചാലും അത് അധികമാകില്ല !
ReplyDeleteനവമാധ്യമങ്ങളുടെ സൗകര്യങ്ങൾ ഇത്തരം മഹത്തായ കാര്യങ്ങൾക്ക് ഉപയോഗിക്കുമ്പോ ഴാണ് അവയുടെ മാഹാത്മ്യമേറുന്നത് ! അങ്ങേക്കും , സഹസഞ്ചാരികൾക്കും എന്റെ ഹൃദയം തൊട്ടുള്ള സ്നേഹമലരുകളാൽ തീർത്ത ഹാരമണിയിക്കട്ടേ...!
( കൂടെ , നവമാധ്യമത്തിലെ ഈ വഴിയിലേക്ക് അങ്ങയെ നയിച്ച അങ്ങയുടെ പ്രിയപുത്രി , ഞങ്ങളുടെ രേഷ്മാകുട്ടനെ പ്രത്യേകം അഭിനന്ദിച്ചു കൊള്ളുന്നു... !
എല്ലാം ഭഗവാൻറെ അനുഗ്രഹം
ReplyDeleteVery nice. Appreciate the effort and the general presentation
ReplyDeletenannaayi, prasad.chaardhaam veedum cheythu...nandi...nalla photokal...ettavum churukiya varikal! jai gange maathaa!!
ReplyDeletethanx for all promotions and comments
ReplyDeleteനന്നായിട്ടുണ്ട്.. ഇതേ കാലത്ത് ഞങ്ങളും ചതുർധാം യാത്ര നടത്തിയിരുന്നു, അത് ഒന്നു rewind ചെയ്ത തോന്നലുണ്ടായി..
ReplyDelete